സിനിമ ഒരു മായക്കാഴ്ചയാണെന്നു പറയാറുണ്ട്. രണ്ടോ രണ്ടരയോ മണിക്കൂര്‍ നേരത്തേക്ക് ആ വിഭ്രമത്തിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് അപ്രകാരമായിരിക്കുമ്പോള്‍, അതില്‍ ഉണ്ടുറങ്ങിക്കഴിയുന്ന അഭിനേതാവിന് അതൊരു മായാലോകമാകാതെ വയ്യ. സംവിധായകന്റെ ആക്ഷന്‍-കട്ട് എന്നീ നിര്‍ദ്ദേശങ്ങള്‍ക്കിടയിലെ ഷോട്ടുകള്‍ വീതിച്ചെടുത്തതിന്റെ ശിഷ്ടം ഓരോ അഭിനേതാവിനും സ്വന്തമായൊരു ജീവിതമുണ്ട്. കഥാപാത്രങ്ങളുടെ ശരീരങ്ങളില്‍ നിന്നും തിരികെയിറങ്ങുമ്പോള്‍ സ്വത്വം ഒരപരിചിതത്വമായി ഒരു വേളയെങ്കിലും ഭ്രമിപ്പിക്കാതെ അത്തരമൊരു ജീവിതത്തിനു കടന്നുപോകാനാവില്ല.


ഒരു കഥാപാത്രത്തിന്റെയോ സിനിമയുടേയോ തിരഞ്ഞെടുപ്പ് ഒരഭിനേതാവിന് എത്രത്തോളം പ്രാധാന്യമുള്ളതാണോ; അതിനേക്കാള്‍ തീര്‍ച്ചയായും പ്രാധാന്യമുണ്ടല്ലോ അത്തരമൊരു തീരുമാനം യഥാര്‍ത്ഥ ജീവിതത്തിലാകുമ്പോള്‍! തെറ്റിപ്പോയ അത്തരം ചില തീരുമാനങ്ങളുടെ, ബന്ധങ്ങളുടെ രക്തസാക്ഷികളായി ഒട്ടേറെപ്പേര്‍ നമുക്ക് മുന്നിലൂടെ കടന്നു പോയി. നാമുള്‍പ്പെടുന്ന സമൂഹത്തിന്റെ പൊതുബോധത്തിലുറച്ച ഇലയും മുള്ളുമെന്ന ലളിതപ്രതീകങ്ങളിലെ ഇരകളില്‍ ബഹുഭൂരിപക്ഷവും സ്വാഭാവികമായും, നടന്മാരായിരുന്നില്ല; അഭിനേത്രികളായിരുന്നു. (സമൂഹത്തിലെ ഏതു തുറയിലുള്ളവരിലും സമാനാനുഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും സെലിബ്രിറ്റികളുടേതു പോലെ ഒരു സെന്‍സേഷണല്‍ സ്വഭാവം ഇല്ലാത്തതിനാല്‍ വാര്‍ത്താപ്രാധാന്യം നേടുന്നില്ലെന്നു മാത്രം.) ഉദാഹരണങ്ങളായി ശോഭ, സില്‍ക്ക് സ്മിത, സ്മിത പാട്ടീല്‍, മെര്‍ലിന്‍ മണ്‍റോ അങ്ങനെ എത്രയോ പേരുകള്‍ ഓര്‍ത്തെടുക്കാം. ജീവിക്കുന്ന ഉദാഹരണങ്ങള്‍ വേറെയും. പലരുടെ കാര്യത്തിലും ചില Common factors ഉള്ളതുകൊണ്ട് അപര്‍ണ്ണാസെന്‍ സംവിധാനം ചെയ്ത 'ഇതി മൃണാളിനി'യിലെ മൃണാളിനി മിത്രയ്ക്കും പലരോടും സാദൃശ്യം തോന്നാം.

ആത്മഹത്യാക്കുറിപ്പെഴുതുന്ന മൃണാളിനിയില്‍ നിന്നും ചിത്രം തുടങ്ങുന്നു. അവളുടെ ഓര്‍മ്മകളില്‍ നിറയുന്ന കയ്പും മധുരവുമുള്ള ജീവിതമാണ് തുടര്‍ന്നുള്ള സിനിമ. ആദ്യചിത്രമായ 'രജനി'യിലെ അഭിനയത്തിനുതന്നെ ഉര്‍വ്വശി അവാര്‍ഡു ലഭിച്ച ബംഗാളി നടിയാണവര്‍. അംഗീകാരങ്ങള്‍ക്കു നടുവിലും ജീവിതത്തിന്റെ ഓരോ വളവിലും തിരിവിലും വിധി അവള്‍ക്കായി കരുതിവെച്ചിരുന്നത് കൂടുതലും നഷ്ടങ്ങളായിരുന്നു. പഠനകാലത്തെ വിപ്ലവകാരിയായ സുഹൃത്തിന്റെ ദാരുണമായ മരണത്തിനു പിറകെയാണ് അവള്‍ സിനിമയുടെ ഭാഗമാകുന്നത്. സംവിധായകനായ സിദ്ധാര്‍ത്ഥ സര്‍ക്കാര്‍, എഴുത്തുകാരനായ ചിന്തന്‍നായര്‍, പുതുതലമുറയിലെ സംവിധായകന്‍ ഇംതിയാസ് ചൗധരി, വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത അഭിജിത്... അവളുടെ ജീവിതത്തെ സ്പര്‍ശിച്ച പുരുഷന്മാര്‍. അവരുടെകൂടി കഥ. ചിന്തന്‍നായര്‍ ഒരിക്കലവളോടു പറയുന്നു: ഒരേയോരു തരം മാത്രമല്ലാതെയും സ്‌നേഹം സാധ്യമാണെന്ന്. തിരികെയൊന്നും പ്രതീക്ഷിക്കാതെയുള്ള ആ സാധ്യതയുടെ മാതൃകയായി ചിന്തന്‍ നായര്‍ ഉണ്ടായിരുന്നു. ആ വഴിയിലേക്കെത്താന്‍ ഒരിക്കലും അവള്‍ക്ക് കഴിഞ്ഞതുമില്ല എന്നതാണ് മൃണാളിനിയുടെ പരാജയം. അതോ അതികഠിനമായി സ്വയം സ്‌നേഹിച്ചതോ? താന്‍ പ്രസവിച്ചതായിട്ടും ദത്തുപുത്രിയായി വളര്‍ത്തേണ്ടിവന്ന സോഹിനി, അവളുടെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു. നിശ്ശബ്ദമായ ഒരു നിഴലായിരുന്നു കമലാദീ. അഭിനയിച്ച കാലമത്രയും അവള്‍ ആഗ്രഹിച്ചത് ഒരു ഫോണ്‍കോളിനായിരുന്നു... സത്യജിത് റായിയുടെ. പ്രണയത്തിന്റെ വിഭിന്നമായൊരു മാനം കൊണ്ട് അവള്‍ സ്‌നേഹിച്ചവരുടെ കാര്യത്തിലാകട്ടെ; വിധി അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയതും. തെറ്റിപ്പോയ ഒരുപാട് കണക്കുകൂട്ടലുകളുടെ അവസാനം ജീവിതം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. ചിന്തന്റെ ഒരു മെസ്സേജ്, മരണത്തോട് അല്പംകൂടി കാത്തിരിക്കാന്‍ പറയാനാവള്‍ക്ക് പ്രേരണയാകുമ്പോള്‍ ചിത്രം ക്ലൈമാക്‌സിലേക്കെത്തുന്നു.

അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനം, അപര്‍ണ്ണാ സെന്നിന്റെ മികച്ച സംവിധാനം, രഞ്ജന്‍ ഘോഷുമായിച്ചേര്‍ന്ന് അപര്‍ണ്ണാസെന്‍ രചിച്ച തിരക്കഥ, സോമക് മുഖര്‍ജിയുടെ ഛായാഗ്രഹണം, ദേബജ്യോതി മിശ്രയുടെ ഹൃദയത്തില്‍ തൊടുന്ന പശ്ചാത്തല സംഗീതം... എല്ലാം തന്നെ ഈ ചിത്രത്തിന്റെ ഹൈലൈറ്റാകുന്നു. രണ്ടു കാലഘട്ടത്തിലെ മൃണാളിനിയെ അവതരിപ്പിച്ചത് കൊങ്കണാസെന്നും അപര്‍ണ്ണാസെന്നും ചേര്‍ന്നാണ്. സമാനമായ ശരീരഭാഷ, ഒരു കഥാപാത്രത്തെത്തന്നെ രണ്ടുപേര്‍ അവതരിപ്പിക്കുമ്പോഴുണ്ടാകാറുള്ള കുറവുകളില്ലാതാക്കുന്നു. കൊങ്കണയുടേത് Awesome performance എന്നോ Outstanding എന്നോ പ്രശംസിക്കാതിരിക്കാന്‍ കാഴ്ചക്കാരനാവില്ല! മൃണാളിനിയുടെ വേപഥു അയാളുടേതുകൂടിയാകുന്നുണ്ട്!


Reactions: