സിനിമകളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ ബ്ലോഗ്.
സിനിമ ഇഷ്ടപ്പെടുന്ന ഒരാളുടെ ആസ്വാദനക്കുറിപ്പുകള്‍ മാത്രം.

--------------------------------------------------------

16 August 2013

ജ്ഞാനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം ഏതിനാണ്?
കണ്ണിനാണെന്നതിനും കാഴ്ചയുടെ സ്വാധീനശക്തിയെക്കുറിച്ചും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. കാഴ്ചയില്‍, സൗന്ദര്യത്തില്‍ നാം മുഗ്ധരാകുന്നു.

മജീദ് മജീദി സംവിധാനം ചെയ്ത 'ദ കളര്‍ ഓഫ് പാരഡൈസ്' (1999) മുഹമ്മദ് എന്ന അന്ധബാലന്റെ കഥയാണ്. ലളിതമായ സൂചനകളിലൂടെ ഋജുവായാണ് സംവിധായകന്‍ കഥ പറയുന്നത്.

ഗ്രാമത്തിലെ വീട്ടില്‍ നിന്നും വളരെ അകലെ ടെഹ്‌റാനിലുള്ള അന്ധവിദ്യാലയത്തിലാണ് അവന്‍ പഠിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോഴാണ് സിനിമ തുടങ്ങുന്നത്. എല്ലാ കുട്ടികളെയും കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷിതാക്കളെത്തുമ്പോഴും മുഹമ്മദിന്റെ അച്ഛന്‍ മാത്രം എത്തുന്നില്ല. അച്ഛനെ കാത്തിരിക്കുന്നതിനിടയില്‍, കൂട്ടില്‍ നിന്നും താഴെ വീണു പോയ പക്ഷിക്കുഞ്ഞിനെ ഒരു പൂച്ചയില്‍ നിന്നും രക്ഷപ്പെടുത്തി വളരെ ശ്രമപ്പെട്ട് മരത്തിനു മുകളിലെ കൂട്ടിലേക്കാക്കിക്കൊടുക്കുന്ന മുഹമ്മദിനെ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. ഒടുവില്‍ അച്ഛന്‍ എത്തുന്നു. എങ്കിലും അയാള്‍ അവനെ അവധിക്കാലത്ത് സ്‌കൂളില്‍ത്തന്നെ നിര്‍ത്താനാകുമോ എന്നാണ് അന്വേഷിക്കുന്നത്. അധികൃതര്‍ അനുവദിക്കാത്തതുകൊണ്ട് അയാള്‍ മുഹമ്മദിനെയും കൂട്ടി ഗ്രാമത്തിലേക്ക്.
തന്റെ ഗ്രാമത്തിന്റെ പരിചിതമായ പ്രകൃതി മുഹമ്മദിനെ ആഹ്ലാദചിത്തനാക്കുന്നു. അവിടെ അവനെ കാത്തിരിക്കുന്ന രണ്ട് സഹോദരിമാരും അവനേറെ പ്രിയപ്പെട്ട ഗ്രാനി (മുത്തശ്ശി)യുമുണ്ട്. കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളായ ചിത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പഥേര്‍ പാഞ്ചാലിയിലെ പിഷിയെപ്പോലുള്ള വൃദ്ധകഥാപാത്രങ്ങളെ അവതരിപ്പിച്ചു കാണാറുണ്ട്. ഈ മുത്തശ്ശിയെയും നമുക്ക് ഇഷ്ടപ്പെടും. ഒട്ടൊരു ധാരാളിത്തത്തോടെയുള്ള പശ്ചാത്തല-ദൃശ്യസൗന്ദര്യം മുഹമ്മദിന്റെ നഷ്ടം (കാഴ്ച) കൂടുതല്‍ അനുഭവിപ്പിക്കുന്നു.

മുഹമ്മദിന്റെ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങുകയാണ്. (മുഹമ്മദിന്റെ അമ്മ ജീവിച്ചിരിപ്പില്ല) വിവാഹം ഉറപ്പിക്കാന്‍ ചെല്ലുമ്പോള്‍ അയാള്‍ തന്റെ പെണ്‍മക്കളെയും അമ്മയെയും പറ്റി മാത്രം സൂചിപ്പിക്കുന്നതില്‍ നിന്നും, മുഹമ്മദ് ആ പുതിയ ബന്ധത്തില്‍ ഒരധികപ്പറ്റാവും എന്ന് വ്യക്തമാകുന്നുണ്ട്. തുടര്‍ന്ന് അയാള്‍ അന്ധനായ ഒരാശാരിയുടെ അടുക്കല്‍ അവനെ ജോലി പഠിക്കാന്‍ ഏല്‍പ്പിച്ചു പോന്നതില്‍പ്പിന്നെ ആ വേദനയില്‍ വൃദ്ധ മരണപ്പെടുകയും പിന്നാലെ അയാളുടെ നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്യുന്നു. മുഹമ്മദിനെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ നിശ്ചയിക്കുന്നു. സിനിമ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വിധിയുടെ(?) ശരിതെറ്റുകളെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാതിരിക്കാനാവില്ല.

Posted on Friday, August 16, 2013 by Unknown

1 comment

14 August 2013

കാണാവുന്നതിനും വിശ്വസിക്കുന്നതിനും അപ്പുറത്തായിരിക്കാം ചിലപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍.. വൈകി മാത്രം വെളിപ്പെടുന്ന ചില സത്യങ്ങളില്‍ നീതി പുലരുന്നു. ചിലപ്പോളത് തീര്‍ത്തും നിഷ്ഫലവും! വിധി എന്ന ഒന്നുണ്ടെങ്കില്‍ അത് മിസ്റ്ററിയായിത്തന്നെ നിലകൊള്ളുന്നു. അത്തരമൊരു നിഗൂഢതയാണ് 2003ല്‍ നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത 'Mystic River'ന്റെ സൗന്ദര്യം.

ജിമ്മി, ഡേവ്, ഷോണ്‍ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥയാണിത്. (യഥാക്രമം ഷോണ്‍ പെന്‍ (Sean Penn), ടിം റോബെന്‍സ് (Tim Robbins), കെവിന്‍ ബെയ്‌കെണ്‍ (Kevin Bacon) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.) ചിത്രം തുടങ്ങുന്നത് അവരുടെ കുട്ടിക്കാലത്തുണ്ടായ ഒരു സംഭവത്തോടെയാണ്. ഡേവിനുണ്ടായ ഒരു ദുരനുഭവം. അത് അവരുടെ പില്‍ക്കാല ജീവിതത്തെപ്പോലും മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം ജിമ്മിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മറ്റൊരു ദുരന്തമാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ജിമ്മിയുടെ മകള്‍ കെയ്റ്റിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്നത് ഷോണ്‍ (Kevin Bacon) ആണ്. കെയ്റ്റിയുടെ ബോയ്ഫ്രണ്ട് ബ്രെന്‍ഡന്‍ ഹാരിസിനെക്കൂടാതെ ജിമ്മിയുടെയും ഷോണിന്റെയും പഴയ കളിക്കൂട്ടുകാരനായ ഡേവ് ബോയ്ല്‍ (Tim Robbins) സംശയിക്കപ്പെടുന്നു. സാഹചര്യങ്ങള്‍ ഡേവിന്റെ ഭാര്യക്കുപോലും സംശയം ജനിപ്പിക്കുന്നതായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും കുഴഞ്ഞുമറിഞ്ഞതുമാകുന്നു.

ആറ് ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രത്തില്‍ ജിമ്മി മാഴ്കത്തെ അവതരിപ്പിച്ച് ഷോണ്‍ പെന്‍ ആദ്യ ഓസ്‌കാറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നേടി. മികച്ച സഹനടനായത് ഡേവ് ബോയ്‌ലിനെ അവതരിപ്പിച്ച ടിം റോബെന്‍സ്. കഥയുടെ പിരിമുറുക്കമുള്ള രസച്ചരട് സംവിധായകനും തിരക്കഥാകൃത്തും ഭദ്രമായി കയ്യിലൊതുക്കി. ക്രൈം, മിസ്റ്ററി ഴേനറി(Genre)ലുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ നഷ്ടപ്പെടുത്തരുതാത്ത സിനിമയാണ് മിസ്റ്റിക് റിവര്‍.

Posted on Wednesday, August 14, 2013 by Unknown

1 comment

14 February 2012


സിനിമ ഒരു മായക്കാഴ്ചയാണെന്നു പറയാറുണ്ട്. രണ്ടോ രണ്ടരയോ മണിക്കൂര്‍ നേരത്തേക്ക് ആ വിഭ്രമത്തിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് അപ്രകാരമായിരിക്കുമ്പോള്‍, അതില്‍ ഉണ്ടുറങ്ങിക്കഴിയുന്ന അഭിനേതാവിന് അതൊരു മായാലോകമാകാതെ വയ്യ. സംവിധായകന്റെ ആക്ഷന്‍-കട്ട് എന്നീ നിര്‍ദ്ദേശങ്ങള്‍ക്കിടയിലെ ഷോട്ടുകള്‍ വീതിച്ചെടുത്തതിന്റെ ശിഷ്ടം ഓരോ അഭിനേതാവിനും സ്വന്തമായൊരു ജീവിതമുണ്ട്. കഥാപാത്രങ്ങളുടെ ശരീരങ്ങളില്‍ നിന്നും തിരികെയിറങ്ങുമ്പോള്‍ സ്വത്വം ഒരപരിചിതത്വമായി ഒരു വേളയെങ്കിലും ഭ്രമിപ്പിക്കാതെ അത്തരമൊരു ജീവിതത്തിനു കടന്നുപോകാനാവില്ല.


ഒരു കഥാപാത്രത്തിന്റെയോ സിനിമയുടേയോ തിരഞ്ഞെടുപ്പ് ഒരഭിനേതാവിന് എത്രത്തോളം പ്രാധാന്യമുള്ളതാണോ; അതിനേക്കാള്‍ തീര്‍ച്ചയായും പ്രാധാന്യമുണ്ടല്ലോ അത്തരമൊരു തീരുമാനം യഥാര്‍ത്ഥ ജീവിതത്തിലാകുമ്പോള്‍! തെറ്റിപ്പോയ അത്തരം ചില തീരുമാനങ്ങളുടെ, ബന്ധങ്ങളുടെ രക്തസാക്ഷികളായി ഒട്ടേറെപ്പേര്‍ നമുക്ക് മുന്നിലൂടെ കടന്നു പോയി. നാമുള്‍പ്പെടുന്ന സമൂഹത്തിന്റെ പൊതുബോധത്തിലുറച്ച ഇലയും മുള്ളുമെന്ന ലളിതപ്രതീകങ്ങളിലെ ഇരകളില്‍ ബഹുഭൂരിപക്ഷവും സ്വാഭാവികമായും, നടന്മാരായിരുന്നില്ല; അഭിനേത്രികളായിരുന്നു. (സമൂഹത്തിലെ ഏതു തുറയിലുള്ളവരിലും സമാനാനുഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും സെലിബ്രിറ്റികളുടേതു പോലെ ഒരു സെന്‍സേഷണല്‍ സ്വഭാവം ഇല്ലാത്തതിനാല്‍ വാര്‍ത്താപ്രാധാന്യം നേടുന്നില്ലെന്നു മാത്രം.) ഉദാഹരണങ്ങളായി ശോഭ, സില്‍ക്ക് സ്മിത, സ്മിത പാട്ടീല്‍, മെര്‍ലിന്‍ മണ്‍റോ അങ്ങനെ എത്രയോ പേരുകള്‍ ഓര്‍ത്തെടുക്കാം. ജീവിക്കുന്ന ഉദാഹരണങ്ങള്‍ വേറെയും. പലരുടെ കാര്യത്തിലും ചില Common factors ഉള്ളതുകൊണ്ട് അപര്‍ണ്ണാസെന്‍ സംവിധാനം ചെയ്ത 'ഇതി മൃണാളിനി'യിലെ മൃണാളിനി മിത്രയ്ക്കും പലരോടും സാദൃശ്യം തോന്നാം.

ആത്മഹത്യാക്കുറിപ്പെഴുതുന്ന മൃണാളിനിയില്‍ നിന്നും ചിത്രം തുടങ്ങുന്നു. അവളുടെ ഓര്‍മ്മകളില്‍ നിറയുന്ന കയ്പും മധുരവുമുള്ള ജീവിതമാണ് തുടര്‍ന്നുള്ള സിനിമ. ആദ്യചിത്രമായ 'രജനി'യിലെ അഭിനയത്തിനുതന്നെ ഉര്‍വ്വശി അവാര്‍ഡു ലഭിച്ച ബംഗാളി നടിയാണവര്‍. അംഗീകാരങ്ങള്‍ക്കു നടുവിലും ജീവിതത്തിന്റെ ഓരോ വളവിലും തിരിവിലും വിധി അവള്‍ക്കായി കരുതിവെച്ചിരുന്നത് കൂടുതലും നഷ്ടങ്ങളായിരുന്നു. പഠനകാലത്തെ വിപ്ലവകാരിയായ സുഹൃത്തിന്റെ ദാരുണമായ മരണത്തിനു പിറകെയാണ് അവള്‍ സിനിമയുടെ ഭാഗമാകുന്നത്. സംവിധായകനായ സിദ്ധാര്‍ത്ഥ സര്‍ക്കാര്‍, എഴുത്തുകാരനായ ചിന്തന്‍നായര്‍, പുതുതലമുറയിലെ സംവിധായകന്‍ ഇംതിയാസ് ചൗധരി, വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത അഭിജിത്... അവളുടെ ജീവിതത്തെ സ്പര്‍ശിച്ച പുരുഷന്മാര്‍. അവരുടെകൂടി കഥ. ചിന്തന്‍നായര്‍ ഒരിക്കലവളോടു പറയുന്നു: ഒരേയോരു തരം മാത്രമല്ലാതെയും സ്‌നേഹം സാധ്യമാണെന്ന്. തിരികെയൊന്നും പ്രതീക്ഷിക്കാതെയുള്ള ആ സാധ്യതയുടെ മാതൃകയായി ചിന്തന്‍ നായര്‍ ഉണ്ടായിരുന്നു. ആ വഴിയിലേക്കെത്താന്‍ ഒരിക്കലും അവള്‍ക്ക് കഴിഞ്ഞതുമില്ല എന്നതാണ് മൃണാളിനിയുടെ പരാജയം. അതോ അതികഠിനമായി സ്വയം സ്‌നേഹിച്ചതോ? താന്‍ പ്രസവിച്ചതായിട്ടും ദത്തുപുത്രിയായി വളര്‍ത്തേണ്ടിവന്ന സോഹിനി, അവളുടെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു. നിശ്ശബ്ദമായ ഒരു നിഴലായിരുന്നു കമലാദീ. അഭിനയിച്ച കാലമത്രയും അവള്‍ ആഗ്രഹിച്ചത് ഒരു ഫോണ്‍കോളിനായിരുന്നു... സത്യജിത് റായിയുടെ. പ്രണയത്തിന്റെ വിഭിന്നമായൊരു മാനം കൊണ്ട് അവള്‍ സ്‌നേഹിച്ചവരുടെ കാര്യത്തിലാകട്ടെ; വിധി അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയതും. തെറ്റിപ്പോയ ഒരുപാട് കണക്കുകൂട്ടലുകളുടെ അവസാനം ജീവിതം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. ചിന്തന്റെ ഒരു മെസ്സേജ്, മരണത്തോട് അല്പംകൂടി കാത്തിരിക്കാന്‍ പറയാനാവള്‍ക്ക് പ്രേരണയാകുമ്പോള്‍ ചിത്രം ക്ലൈമാക്‌സിലേക്കെത്തുന്നു.

അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനം, അപര്‍ണ്ണാ സെന്നിന്റെ മികച്ച സംവിധാനം, രഞ്ജന്‍ ഘോഷുമായിച്ചേര്‍ന്ന് അപര്‍ണ്ണാസെന്‍ രചിച്ച തിരക്കഥ, സോമക് മുഖര്‍ജിയുടെ ഛായാഗ്രഹണം, ദേബജ്യോതി മിശ്രയുടെ ഹൃദയത്തില്‍ തൊടുന്ന പശ്ചാത്തല സംഗീതം... എല്ലാം തന്നെ ഈ ചിത്രത്തിന്റെ ഹൈലൈറ്റാകുന്നു. രണ്ടു കാലഘട്ടത്തിലെ മൃണാളിനിയെ അവതരിപ്പിച്ചത് കൊങ്കണാസെന്നും അപര്‍ണ്ണാസെന്നും ചേര്‍ന്നാണ്. സമാനമായ ശരീരഭാഷ, ഒരു കഥാപാത്രത്തെത്തന്നെ രണ്ടുപേര്‍ അവതരിപ്പിക്കുമ്പോഴുണ്ടാകാറുള്ള കുറവുകളില്ലാതാക്കുന്നു. കൊങ്കണയുടേത് Awesome performance എന്നോ Outstanding എന്നോ പ്രശംസിക്കാതിരിക്കാന്‍ കാഴ്ചക്കാരനാവില്ല! മൃണാളിനിയുടെ വേപഥു അയാളുടേതുകൂടിയാകുന്നുണ്ട്!


Posted on Tuesday, February 14, 2012 by Unknown

6 comments

14 December 2011


Spring, Summer, Fall, Winter... and Spring 


ഭൂമുഖത്തെ അനേകായിരം ജന്തുജാലങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യന്‍, ഇന്നീ കാണുന്ന സാംസ്‌കാരിക പുരോഗതി(?) കൈവരിക്കുവാനും, യജമാനഭാവത്തോടെത്തന്നെ ഭൂമി ഭരിക്കുവാനും തുടങ്ങിയതിന്റെയെല്ലാം ആരംഭം കുടുംബമായും സമൂഹമായും ജീവിച്ചു തുടങ്ങിയതുമുതലാണെന്ന് സംസ്‌കാരങ്ങളുടെ ചരിത്രം പറയുന്നു.മണ്ണില്‍ അവനെ ഉറപ്പിച്ചു നിര്‍ത്തിയത് കാര്‍ഷികവൃത്തിയായിരുന്നു. ഋതുചക്രത്തിനനുസരിച്ച് മാറുന്ന പ്രകൃതിയുടെ ഭാവങ്ങളെ പഠിച്ചെടുത്തതുകൊണ്ടു മാത്രമാണവന് മുന്നേറാനായത്. ഏതു ഗുരുതര സമസ്യകളുടെയും നിര്‍ദ്ധാരണം പ്രകൃതിയില്‍ത്തന്നെയുണ്ട്.

ചുറ്റുപാടുമുള്ള ഏതു കുഴഞ്ഞ പ്രശ്‌നത്തേക്കാളും കടുത്ത വെല്ലുവിളികള്‍ ഏതൊരാള്‍ക്കും നേരിടേണ്ടി വരിക സ്വന്തം ഉള്ളില്‍നിന്നു തന്നെയാകണം. ആത്മാന്വേഷണവുമായലഞ്ഞ മനീഷികളുടെ ചിന്താധാരകള്‍ സമൂഹത്തിന്റെ സാംസ്‌കാരികമായ സന്തുലനത്തിന് വളരെ വലിയ സംഭാവനകളായിട്ടുണ്ട്. ശാന്തിയില്ലാതെ അലയുന്നവരോടും പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വഴികളന്വേഷിക്കുന്നവരോടും ഗുരു പറയുന്നു: പരിഹാരം പുറത്തെവിടെയുമല്ല; സ്വന്തം ഉള്ളില്‍ത്തന്നെയാണെന്ന്. ബുദ്ധനും, മഹാവീരനും, ലാവോസിയും എണ്ണമറ്റ സെന്‍ഗുരുക്കന്മാരും, ഓഷോയും, ജിദ്ദു കൃഷ്ണമൂര്‍ത്തിയും തുടങ്ങി ഏതൊരു ഗുരുവും അതാവര്‍ത്തിക്കുന്നു.

കൊറിയന്‍ സംവിധായകനായ കിം കി ഡുകിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ് എന്ന സിനിമയുടെ വഴിയും ആത്മാന്വേഷണമാണ്. ഒരു ഭിക്ഷുവും ഗുരുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഭിക്ഷുവിന്റെ ബാല്യം, കൊമാരം, യൗവനം, മധ്യവയസ്സ് എന്നീ ജീവിത ഘട്ടങ്ങളെ നാലു ഋതുക്കളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ജീവിതപരീക്ഷണങ്ങളില്‍ പതറിപ്പോകുന്നവനു മുന്നില്‍ ഗുരു സ്വയം വെളിച്ചമാകുന്നു.

ഏതൊരാളുടേയും ജീവിതത്തിലെ വസന്തകാലം ബാല്യം തന്നെയാകണം. അതുകൊണ്ടാകാം ബാല്യം അവതരിപ്പിക്കാന്‍ സംവിധായകന്‍ വസന്തം പശ്ചാത്തലമാക്കിയത്. ഹരിതഭംഗിയാര്‍ന്ന മരങ്ങള്‍ ഇടതിങ്ങിയ കാടുകളുള്ള മലകള്‍ക്കിടയിലെ, ജലസമൃദ്ധമായ വിശാലമായ തടാകത്തിനു നടുവിലെ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മരം കൊണ്ടു പണിത ആശ്രമത്തില്‍ ഗുരുവും ബാലനായ ശിഷ്യനും. അക്കരെയുള്ള മലകളില്‍ ഔഷധച്ചെടികള്‍ ശേഖരിക്കാന്‍ പോകാനവര്‍ക്ക് ഒരു വഞ്ചിയുണ്ട്. ശിഷ്യന്‍ ഒരിക്കല്‍, ഒരു മത്സ്യത്തിന്റെ ഉടലില്‍ നൂലുപയോഗിച്ച് ഒരു കല്ലുകെട്ടി വെള്ളത്തില്‍ വിട്ടു. ഒരു തവളയെയും പാമ്പിനെയും അപ്രകാരം തന്നെ ചെയ്യുന്നതും അവനതാസ്വദിച്ചു ചിരിക്കുന്നതും കണ്ട ഗുരു, അന്നു രാത്രി അവനുറങ്ങിക്കിടക്കുമ്പോള്‍, ഒരു കല്ല് കയറുകൊണ്ട് അവന്റെ പുറത്ത് ബന്ധിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്ന അവന് ശരിയാംവണ്ണം നടക്കാന്‍പോലുമാകുന്നില്ല. ഗുരുവിനോട് പരാതി പറയുമ്പോള്‍, ഇന്നലെ അവന്‍ ദ്രോഹിച്ച ജീവികളെ മോചിപ്പിച്ചതിനു ശേഷം മാത്രം അവനെ മോചിപ്പിക്കാമെന്നു പറയുന്നു. അതിലൊന്നിനെങ്കിലും അപായം സംഭവിച്ചാല്‍ എന്നെന്നേയ്ക്കും ഹൃദയത്തിലൊരു കല്ലും ചുമന്നു നടക്കേണ്ടി വരുമെന്നും. അവന്‍ വഞ്ചി തുഴഞ്ഞ് കാട്ടിലെത്തി ജീവികളെ തിരയുന്നു. തവളയൊഴികെ മത്സ്യവും പാമ്പും ചത്തുപോയിരുന്നു. ഹൃദയവേദനയോടെ അവന്‍ വാവിട്ടു കരയുന്നു.


കൗമാരത്തിന്റെ ഗ്രീഷ്മകാലത്ത് അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുക്കുന്നു. രോഗിണിയായ അവളെ ചികിത്സിച്ചു ഭേദപ്പെടുത്താനായി അവളുടെ അമ്മ അവിടെ ഏല്പിച്ചു പോയതായിരുന്നു. ഉടലിനു ചൂടുപിടിക്കുന്ന കാലത്ത് പ്രകൃതിയില്‍ നിന്നുതന്നെ അവന് പാഠങ്ങള്‍ കിട്ടുന്നുണ്ട്. പ്രായത്തിന്റെ കൗതുകം കടന്ന് രതിയിലേക്ക് അവരുടെ ബന്ധം നീങ്ങുകയും അതാവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ക്രമേണ അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയാകുന്നു. ആ ബന്ധം കൈയോടെ പിടിക്കപ്പെടുകയും ഗുരു അവളെ പറഞ്ഞയയ്ക്കുകയും ചെയ്ത രാത്രി, ആശ്രമത്തില്‍ അവര്‍ ആരാധിച്ചിരുന്ന ബുദ്ധവിഗ്രഹവുമായി ശിഷ്യന്‍ കടന്നു കളയുന്നു.


പിന്നെ ഇലപൊഴിയും കാലമാണ്. അസ്വസ്ഥനും കോപാകുലനുമായ യുവാവായ അവന്‍ ഗുരുവിന്റെയടുക്കലേക്ക് മടങ്ങിയെത്തുന്നു. തന്നെ വഞ്ചിച്ച ഭാര്യയെ കൊന്ന കൊലക്കത്തിയുമായി സ്വസ്ഥത ആഗ്രഹിച്ചാണ് വരവെങ്കിലും പാപബോധം അവനെ വേട്ടയായിക്കൊണ്ടേയിരുന്നു. ആത്മഹത്യാശ്രമവും പരാജയമടയുന്നു. കൊലക്കത്തികൊണ്ട് തല മുണ്ഡനം ചെയ്ത് എത്തിയ അവനോട് ഗുരു, മറ്റൊരാളെ കൊല്ലുന്നത്ര എളുപ്പത്തില്‍ നിനക്കത് സ്വയം ചെയ്യാനാവില്ലെന്ന് പറയുന്നു. താഴെ പാകിയ നിരപ്പലകയില്‍ തന്റെ പൂച്ചയുടെ വാലില്‍ ചായം മുക്കി പ്രജ്ഞാപാരമിത സൂത്രം എഴുതുകയാണ് ഗുരു. അവനോട് ഓരോ അക്ഷരവും കത്തികൊണ്ട് ചുരണ്ടിക്കളയാന്‍ പറയുന്നു; അതോടൊപ്പം ഹൃദയത്തില്‍ നിന്നും ക്രോധവും. അവനപ്രകാരം ചെയ്തുകൊണ്ടിരിക്കെ അവനെ അറസ്റ്റ് ചെയ്യാന്‍ രണ്ട് ഡിറ്റക്ടീവുകള്‍ എത്തുന്നു. രക്ഷപ്പെടാന്‍ അവരെ ആക്രമിക്കാന്‍ തുനിയുന്ന ശിഷ്യനോട് ചെയ്യുന്ന ജോലി മുഴുമിപ്പിക്കാനും ഡിറ്റക്ടീവുകളോട്, അവനെ അതിനനുവദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പുലരുവോളം അക്ഷരങ്ങള്‍ ചെത്തിയെടുത്ത് പൂര്‍ത്തിയായതും അവന്‍ തളര്‍ന്നു വീണുറങ്ങുന്നു. അക്ഷരങ്ങള്‍ വെട്ടിയെടുത്തയിടത്ത് നിറങ്ങള്‍ പൂശാന്‍ ഗുരുവിനെ ഡിറ്റക്ടീവുകളും സഹായിക്കുന്നു. അറസ്റ്റു ചെയ്യപ്പെട്ടു പോകുന്ന ശിഷ്യന്‍ തികച്ചും പുതിയൊരാളായി മാറിയിരുന്നു. ഉള്ളിലെ കന്മഷങ്ങളെല്ലാം നീങ്ങി പുതിയൊരുള്‍ക്കാഴ്ചയോടെ... തന്റെ നിയോഗം പൂര്‍ത്തിയായെന്നു മനസ്സിലാക്കുന്ന ഗുരു സമാധി തിരഞ്ഞെടുക്കുന്നു.


സര്‍വ്വവും തണുത്തുറഞ്ഞു കിടക്കുന്ന ശിശിരം... ശിക്ഷാകാലാവധി കഴിഞ്ഞ് ശിഷ്യന്‍ മടങ്ങിവരുന്നു. പഴയ ഭിക്ഷു ഇന്ന് മധ്യവയസ്സിലെത്തിയിരിക്കുന്നു. അയാള്‍ക്ക് ഗുരുവിന്റെ പഴയ ഗ്രന്ഥം ലഭിക്കുകയും അതുപ്രകാരം അഭ്യാസമുറകളും ധ്യാനരീതികളും ശീലിക്കുകയും ചെയ്യുന്നു. ഒരു ദിവസം മുഖം മറച്ച ഒരു സ്ത്രീ കൈക്കുഞ്ഞുമായെത്തി അവനെ ആശ്രമത്തില്‍ ഏല്പിക്കുന്നു. രാത്രി, തിരികെ മടങ്ങുമ്പോള്‍, ആശ്രമത്തിന്റെ മുന്നിലായി മഞ്ഞു വെട്ടിയുണ്ടാക്കിയ കുഴിയില്‍ വീണ് അവള്‍ മരിക്കുന്നു. പിറ്റേ ദിവസം വൃത്താകൃതിയിലുള്ള ഒരു വലിയ കല്ല് അരയില്‍ കെട്ടി ഒരു ബുദ്ധപ്രതിമയുമായി ഉയരമേറിയ കൊടുമുടിയിലേക്കയാള്‍ കയറിപ്പോകുന്നു. കഠിനമായ ക്ലേശങ്ങള്‍ക്കൊടുവില്‍ ഏറ്റവും ഉയരെ അയാള്‍ പ്രതിമ സ്ഥാപിച്ച് ധ്യാനനിരതനാകുന്നു.

വീണ്ടും വസന്തം... കൈക്കുഞ്ഞ് മിടുക്കനായ ഒരു ബാലനായിരിക്കുന്നു. അവന്‍ തന്റെ ഗുരുവിന്റെ ബാല്യകാലം ഓര്‍മ്മിപ്പിക്കുന്ന പ്രവൃത്തികളില്‍ മുഴുകുന്നതായി നമ്മള്‍ കാണുന്നു. കാലം നിശ്ചലമല്ല; ആവര്‍ത്തിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചാക്രികത...


3-അയണ്‍ എന്ന കിം കി ഡുക് ചിത്രം കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് കാണാന്‍ തുടങ്ങിയത്. കിമ്മിന്റെ മറ്റെല്ലാ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സ്പ്രിങ്, സമ്മര്‍... ധ്യാനാത്മകമായ ഒരാത്മീയതലത്തിലൂടെയാണ് അതിന്റെ സഞ്ചാരം. അലസമായ മനസ്സോടെ തീര്‍ച്ചയായും ഈ ചിത്രം കണ്ടു മുഴുമിപ്പിക്കാനാവില്ല. നിങ്ങളുടെ ഹൃദയത്തെ പിടിച്ചെടുത്ത് അതിന്റെ ഫ്രെയ്മുകളിലേക്ക് ഏകാഗ്രമാക്കി നിര്‍ത്തും. അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങളുടെ മികച്ച ഫ്രെയ്മുകള്‍, കഥ പറയുന്ന രീതി, സംഗീതം (ഭിക്ഷു ബുദ്ധവിഗ്രഹവുമായി മലകയറുന്ന രംഗത്തെ ധ്യാനാത്മകമായ പശ്ചാത്തല സംഗീതം പ്രത്യേകം പരാമര്‍ശിക്കണം) ബിംബങ്ങളുടെ സമര്‍ഥമായ വിന്യാസത്തിലൂടെ ഗുപ്തഭാഷയിലൂടെമാത്രം പ്രകാശിതമാകുന്ന അര്‍ഥതലങ്ങള്‍ എല്ലാം ചേര്‍ന്ന നല്ല ഒരു അനുഭവമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്.

Posted on Wednesday, December 14, 2011 by Unknown

4 comments